Wednesday, October 23, 2019

Social science-I (Class 10) സമരവും സ്വാതന്ത്ര്യവും (Struggle and Freedom) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

▲  'ഗാന്ധി' ഒരുക്കിയ ഇംഗ്ലീഷുകാര്‍! 
ഇംഗ്ലീഷുകാരനായ സര്‍. റിച്ചാര്‍ഡ് സാമുവല്‍ അറ്റന്‍ബറോ നടന്‍, സംവിധായകന്‍, നിര്‍മാതാവ് തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ഒരു ചലച്ചിത്ര പ്രതിഭയായിരുന്നു. 1983 ല്‍ അദ്ദേഹം സംവിധാനം ചെയ്ത 'ഗാന്ധി' എന്ന ചിത്രം വിഖ്യാതമായ ഓസ്‌കര്‍ പുരസ്‌കാരം നേടി.
ഈ ചിത്രത്തില്‍ ഗാന്ധിയായി അഭിനയിച്ചത് ഇംഗ്ലീഷുകാരനായ ബെന്‍ കിംഗ്‌സ്‌ലിയായിരുന്നു. ഗാന്ധിയായി വെള്ളിത്തിരയില്‍ പകര്‍ന്നാടിയ അദ്ദേഹത്തിന് ആ വര്‍ഷം മികച്ച നടനുള്ള ഓസ്‌കര്‍ ലഭിച്ചു. 2002-ല്‍ സിനിമാരംഗത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ച് ബ്രിട്ടന്‍ അദ്ദേഹത്തിന് സര്‍ ബഹുമതി സമ്മാനിച്ചു.  ഇന്ത്യന്‍ വംശജനായിരുന്ന ബ്രിട്ടീഷ് ഡോക്ടറുടെ പുത്രനായി പിറന്ന ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് കൃഷ്ണ ഭഞ്ജി (Krishna Bhanji) എന്നായിരുന്നു.
▲  ലഫ്. ഗവര്‍ണര്‍ ഡയറും കേണല്‍ ഡയറും
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട രണ്ട് പേരുകളാണ് ലഫ്. ഗവര്‍ണര്‍ ഡയറും കേണല്‍ ഡയറും. ആദ്യത്തെയാള്‍ കൂട്ടക്കൊല നടന്ന സമയത്ത് പഞ്ചാബിന്റെ ചുമതലയുള്ള ലഫ്. ഗവര്‍ണറായിരുന്നു. സര്‍ മൈക്കല്‍ ഫ്രാന്‍സിസ് ഒ'ഡയര്‍ (Sir Michael Francis O'Dwyer) എന്ന ഇദ്ദേഹമാണ് കൂട്ടക്കൊലയ്ക്ക് ഓര്‍ഡറിട്ടത്. നിരായുധരായ ഇന്ത്യക്കാരുടെ നെഞ്ചിലേക്ക് നിറയൊഴിക്കാന്‍ നേതൃത്വം കൊടുത്തത് കേണല്‍ റെജിനാള്‍ഡ് എഡ്വേര്‍ഡ് ഹാരി ഡയറുമാണ്.(Colonel Reginald Edward Harry Dyer).
▲  ഭഗത് സിംഗ് (1907-1931)
1907 സെപ്തംബര്‍ 27-ന് ലയല്‍പൂര്‍ ജില്ലയിലെ ബങ്കയില്‍ (ഇപ്പോള്‍ പാക്കിസ്ഥാനില്‍) ജനിച്ചു. കുട്ടിക്കാലം മുതല്‍ തന്നെ കുടുംബത്തിലെ മുതിര്‍ന്നവരുടെ ദേശഭക്തി കണ്ട് വളര്‍ന്നു. ഇന്ത്യന്‍ ദേശീയ വിപ്ലവ പ്രസ്ഥാനത്തിലെ ഏറ്റവും സ്വാധീനമുള്ള വിപ്ലവകാരിയായി കണക്കാക്കപ്പെടുന്നു.
▲  ധീരരക്തസാക്ഷി ഉധം സിംഗ് 
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ സൂത്രധാരന്‍ എന്ന് കരുതപ്പെ ടുന്ന സര്‍ മൈക്കല്‍ ഫ്രാന്‍സിസ് ഒ'ഡയറിനെ ഇംഗ്ലണ്ടിലെത്തി വധിച്ച ധീരദേശാഭിമാനിയാണ് ഉധം സിംഗ് (Udham Singh). ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലത്ത് അന്ന് കുട്ടിയായിരുന്ന സിംഗ് ഉണ്ടായിരുന്നു. വെടിവെയ്പില്‍ അദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
1940 മാര്‍ച്ച് 13നാണ് ഉധം സിംഗ് ഡയറിനെ വെടിവച്ച് കൊന്നത്. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്ററിലുള്ള കാക്സ്റ്റണ്‍ ഹാളില്‍ ഒരു മീറ്റിംഗില്‍ പ്രസംഗിക്കാനെത്തിയ ഡയറിനെ അവിടെ വച്ച് ഉധം സിംഗ് വധിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലായ സിംഗിനെ വിചാരണയ്ക്കുശേഷം ജൂലൈ 31ന് തൂക്കിലേറ്റി. 1995-ല്‍ ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ഒരു ജില്ല ഈ ധീരരക്തസാക്ഷിയുടെ പേരില്‍ (ഉധം സിംഗ് നഗര്‍) നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്.
▲  വട്ടമേശ സമ്മേളനങ്ങള്‍ 
ഇന്ത്യയില്‍ നടപ്പില്‍ വരുത്തേണ്ട ഭരണപരിഷ്‌കാരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ബ്രിട്ടീഷ് ഗവണ്‍മെന്റ് ലണ്ടനിലെ ജയിംസ് പാലസില്‍ 1930, 1931, 1932 എന്നീ വര്‍ഷങ്ങളില്‍ മൂന്ന് വട്ടമേശ സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ത്തു. രണ്ടാം വട്ടമേശ സമ്മേളനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഗാന്ധിജി പങ്കെടുത്തു.
▲  ഖിലാഫത്ത് പ്രസ്ഥാനം 
ഒന്നാം ലോകയുദ്ധത്തിനുശേഷം തുര്‍ക്കിയിലെ ഭരണാധികാരിയും ലോകമുസ്ലീങ്ങളുടെ ആത്മീയ നേതാവുമായിരുന്ന ഖലീഫയുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്താനുള്ള ബ്രിട്ടന്റെ ശ്രമങ്ങള്‍ക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നു വന്നതാണ് ഖിലാഫത്ത് പ്രസ്ഥാനം.
▲  അതിര്‍ത്തി ഗാന്ധി 
ദ്വിരാഷ്ട്രവാദത്തെയും ഇന്ത്യയുടെ വിഭജനത്തെയും ശക്തമായി എതിര്‍ത്തിരുന്ന നേതാവാണ് ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍. ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരവധി സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ അദ്ദേഹത്തെ ഇന്ത്യയുടെ വിഭജനം ദുഃഖിപ്പിച്ചു. ഹിന്ദു- മുസ്ലീം ഐക്യത്തിനുവേണ്ടി നിലകൊണ്ട അദ്ദേഹം അതിര്‍ത്തി ഗാന്ധി എന്നറിയപ്പെടുന്നു. ഇന്ത്യാ ഗവണ്മെന്റിന്റെ പരമോന്നത ബഹുമതിയായ 'ഭാരതരത്‌ന' നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.


No comments:

Post a Comment